Saturday, 6 August 2016

Islam and sufisam ഇസ്ലാമും സൂഫിസവും

ഇസ്ലാമും സൂഫിസവും
സ്രഷ്ടാവായ അല്ലാഹുവിനെ വണങ്ങി അവനു മാത്രം എല്ലാം സമര്‍പ്പിച്ചു ഉപാസിക്കുക എന്ന ലക്ഷ്യത്തിനാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത്. 'ഉന്നതനായ നിന്റെ രക്ഷിതാവിനെ വാഴ്ത്തി പറയുക. അവന്‍ സൃഷ്ടിക്കുകയും ക്രമീകരണം നടത്തുകയും ചെയ്തവനത്രേ'.(വി.ഖു: 87:2) മനുഷ്യസൃഷ്ടിപ്പിന്റെ ആത്യന്തിക ലക്ഷ്യം അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കല്‍ മാത്രമാണെന്ന് ഖുര്‍ആന്‍ 51:56 ല്‍ പറയുന്നു. മനുഷ്യന്റെ സൃഷ്ടിപ്പ്, വളര്‍ച്ച, വികാസം, ഉയര്‍ച്ച, നേട്ടങ്ങള്‍ തുടങ്ങിയ രംഗങ്ങളില്‍ അററമില്ലാത്ത അനുഗ്രഹങ്ങളാണ് അല്ലാഹു അവന് നല്‍കിയത്. അനുഗ്രഹം ചെയ്തവനു നന്ദിചെയ്യുക മാനുഷിക കടപ്പാടുകളില്‍ പെട്ടതാണ്. ആ നിലയ്ക്ക് അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ക്ക് എത്രതന്നെ നന്ദി ചെയ്താലും മതിയാവുകയില്ല. ആ നന്ദി സൂചനകളാണ് ആരാധനകള്‍. ഈ നന്ദി എത്ര പ്രകടിപ്പിച്ചാലും മതിവരികയില്ല. എങ്കിലും അവനെ കാണുന്ന പോലെ ആരാധന ചെയ്ത് അവന്റെ സാമീപ്യം കരസ്ഥമാക്കണം. ആത്മീയ ശുദ്ധീകരണത്തിലൂടെ മാത്രമേ ഇത് സാധിക്കുകയുളളൂ.

സല്‍സ്വഭാവം, ഭക്തി, ആദരവ്, ഉപാസന തുടങ്ങിയ സര്‍വ്വ ഗുണങ്ങളും ആത്മാവിനെ ആശ്രയിച്ചാണ് നിലകൊളളുന്നത്. അതിന്റെ വാഹിനി മാത്രമാണ് ശരീരം. ദേഹി സംസ്‌ക്കരിക്കപ്പെടുമ്പോള്‍ ദേഹം നന്നായി തീരുന്നു. ദേഹിയുടെ മോഹങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അടിപ്പെടാതെ അകന്ന് കഴിയുകയും ദുര്‍ഗുണങ്ങളില്‍ നിന്ന് ദേഹിയെ സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ നന്മ കണ്ണ്, കാത്, കയ്യ്, കാല് തുടങ്ങിയ അംഗങ്ങളിലൂടെ പ്രകടമാകുന്നു. അതുകൊണ്ടാണ് ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ ആത്മസംസ്‌ക്കരണം ഊന്നിപറഞ്ഞത്. സല്‍പാന്ഥാവും ദുര്‍മാര്‍ഗ്ഗവും ആത്മാവിന്റെ മുന്നില്‍ അല്ലാഹു കാണിച്ചുതന്നിരിക്കുന്നു. ദുര്‍മാര്‍ഗ്ഗം വെടിഞ്ഞ് സല്‍സരണി സ്വീകരിച്ചു തസ്‌കിയത്ത് സിദ്ധിച്ചവര്‍ വിജയിച്ചുവെന്ന് അറിയിക്കുകയും ചെയ്തിരിക്കുന്നു. 'മനുഷ്യാത്മാക്കളെ സൃഷ്ടിച്ചു ക്രമീകരിച്ചവന്‍ തന്നെയാണ് സത്യം. ആത്മാവിന് അതിന്റെ ദുര്‍നടപ്പും ഭക്തിയും അവന്‍ തോന്നിപ്പിച്ചു. നിശ്ചയം, ആത്മാവ് സംസ്‌ക്കരിച്ചവന്‍ വിജയിക്കുകയും ദുര്‍നടപ്പ് കൊണ്ട് പൂഴ്ത്തിയവന്‍ പരാജയപ്പെടുകയും ചെയ്തിരിക്കുന്നു'. (വി.ഖു. 91:9)

ജനങ്ങളെ എല്ലാ ദുര്‍നടപ്പുകളില്‍ നിന്നും മാററി തസ്‌കിയത്ത് ചെയ്യുന്നതിനാണ് നബിമാരെ അല്ലാഹു നിയോഗിച്ചത്. നബി (സ്വ) യുടെ നിയോഗലക്ഷ്യം വിവരിച്ചു കൊണ്ട് ഖുര്‍ആന്‍ 3:164 ല്‍ അല്ലാഹു പറഞ്ഞു: 'ജനങ്ങളില്‍ നിന്ന് തന്നെയുളള ഒരു സത്യദൂതനെ അല്ലാഹു നിയോഗിച്ചപ്പോള്‍ സത്യവിശ്വാസികള്‍ക്ക്, നിശ്ചയം, അല്ലാഹു അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു. അവന്റെ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് പാരായണം ചെയ്യുകയും അവരെ സംസ്‌ക്കരിക്കുകയും ഗ്രന്ഥവും തത്വവും പഠിപ്പിക്കുകയും ചെയ്യുന്ന പ്രവാചകന്‍. 'നിശ്ചയം, അവര്‍ വ്യക്തമായ അന്ധകാരത്തിലായിരുന്നു.' ഹൃദയം ശുദ്ധീകരിക്കുമ്പോഴാണ് ആ സംസ്‌ക്കരണം സഫലമാകുന്നത്. ആത്മസംസ്‌ക്കരണത്തിലൂടെ മനുഷ്യന്‍ ഔന്നത്യത്തിന്റെയും പരിശുദ്ധിയുടേയും പടവുകളിലെത്തുന്നു. ഹൃദയത്തിന്റെ ഗുണങ്ങളായ ഭയം, ഭക്തി, പശ്ചാത്താപം, പ്രതീക്ഷ, മോഹം, സ്‌നേഹം, താഴ്മ, വിനയം എന്നിവയെ കുറിച്ചെല്ലാം ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ വിശേഷിപ്പിക്കുന്നുണ്ട്. ആ അധ്യാപനങ്ങള്‍ ഉള്‍കൊണ്ട് ഹൃദയം നന്നാക്കുമ്പോഴേ മനുഷ്യന്‍ നന്നാവുകയുളളൂ. ആ ദൗത്യമാണ് തിരുനബി (സ്വ) നിര്‍വ്വഹിച്ചത്. നബി (സ്വ) യുടെ ഏത് ഉപദേശം പരിശോധിച്ചാലും മനുഷ്യകുലത്തെ ആത്മീയ പുരോഗതിയുടെ ഉന്നതങ്ങളിലെത്തിക്കാന്‍ ഉതകുന്നത് മാത്രമേ കാണുകയുള്ളൂ. ഉദാഹരണമായി ഒന്നു കാണുക:

നബി (സ്വ) സ്വഹാബികളൊന്നിച്ചിരിക്കുമ്പോള്‍ മത കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ജിബ്‌രീല്‍ (അ) മനുഷ്യരൂപത്തില്‍ വന്ന സംഭവം ഹദീസ് ഗ്രന്ഥങ്ങളില്‍ സുവിദിതമാണ്. ബുഖാരിയും മുസ്‌ലിമും ആ സംഭവം വിവരിച്ചിരിക്കുന്നു. നബി (സ്വ) യുടെ ചാരത്തു വന്നിരുന്ന ജിബ്‌രീല്‍ (അ) ഈമാന്‍, ഇസ്‌ലാം കാര്യങ്ങളെ കുറിച്ച് അന്വേഷിച്ചു. നബി (സ്വ) അതൊക്കെ പഠിപ്പിച്ചു കൊടുത്തു. അപ്പോള്‍ ചോദ്യം ഇഹ്‌സാനിനെ കുറിച്ചായി. ആറു കാര്യങ്ങളില്‍ വിശ്വസിക്കുകയും ഇസ്‌ലാം കാര്യങ്ങളിലെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഏതൊരാള്‍ക്കും ഉണ്ടായിരിക്കേണ്ട ഗുണമാണ് ഇഹ്‌സാന്‍ അഥവാ ആത്മാര്‍ഥത. ഇതിനെകുറിച്ചുളള ചോദ്യത്തിന് നബി (സ്വ) യുടെ മറുപടി ഇപ്രകാരമായിരുന്നു: 'അല്ലാഹുവിനെ മുന്നില്‍ കാണുന്ന വിധമാകണം നീ അവന് ഇബാദത്ത് ചെയ്യുന്നത്. നീ അവനെ കാണുന്നില്ലെങ്കില്‍ അവന്‍ നിന്നെ കാണുന്നു എന്ന ധാരണയുണ്ടാകണം.' രണ്ടു കാര്യങ്ങളാണ് തിരുനബി (സ്വ) പഠിപ്പിക്കുന്നത്. ഒന്ന്: ആരാധന യജമാനനെ മുന്നില്‍ കണ്ടു കൊണ്ടായിരിക്കണം. മുതലാളി ശ്രദ്ധിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊഴിലാളി എടുക്കുന്ന ജോലിയില്‍ ആത്മാര്‍ഥത കാണുമല്ലോ. അതുപോലെ അല്ലാഹുവിനെ മുമ്പില്‍ കണ്ടു കൊണ്ട് വണങ്ങുമ്പോള്‍ അത് നിഷ്‌കളങ്കമായിരിക്കും. ഈ സൂക്ഷ്മമായ ഭാവം സാധാരണക്കാര്‍ക്ക് കഴിയാത്തതാണ്. രണ്ടാമത്തേത് ഉന്നത പദവി കൈവരിക്കാത്തവര്‍ക്കുളളതാണ്. അഥവാ ഉടമസ്ഥനായ അല്ലാഹു വീക്ഷിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ടന്ന ധാരണയില്‍ ആരാധന ചെയ്യുക. ഈ ധാരണയുണ്ടാകുമ്പോഴും ഹൃദയം ഭക്തി കൊണ്ട് പ്രശോഭിതമാകും.

നിശ്ചയം, ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി. അത് ദുഷിച്ചാല്‍ ശരീരമാസകലം ദുഷിച്ചതു തന്നെ. അറിയുക. അത് ഹൃദയമത്രേ' (ബുഖാരി) 'നിശ്ചയം, അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കോ രൂപത്തിലേക്കോ നോക്കുകയില്ല. പ്രത്യുത നിങ്ങളുടെ ഹൃദയങ്ങളിലേക്കാണവന്‍ നോക്കുന്നത്'. (മുസ്‌ലിം) ചുരുക്കത്തില്‍ ചെളിപുരണ്ട വസ്ത്രവുമായി ജനമദ്ധ്യേ വരാന്‍ വെറുക്കുന്നത് പോലെ മാലിന്യം പുരണ്ട ഹൃദയവുമായി അല്ലാഹുവിനെ സമീപിക്കാനും ലജ്ജിക്കണം. തിരുനബി (സ്വ) ശിഷ്യന്മാരായ സ്വഹാബിസമൂഹത്തെ സംസ്‌ക്കരിച്ചെടുത്തത് ഹൃദയങ്ങളെ കയ്യിലെടുത്തു കൊണ്ടായിരുന്നു. ഭൗതിക കാര്യങ്ങള്‍ക്കും ജീവിത വിഭവങ്ങളൊരുക്കുന്നതിനും പ്രത്യേക പ്രചോദനം കൊടുക്കേണ്ടതില്ല. കാരണം മനുഷ്യന്‍ പ്രകൃത്യാ അതിനു സന്നദ്ധനാണ്. ആത്മീയ പരിപോഷണത്തിന് നിരന്തരം പ്രചോദനവും ഉപദേശവും ചെയ്യേണ്ടതായി വരുന്നു. ആ ഭാവങ്ങളാണ് തിരുനബി (സ്വ) യുടെ ഉപദേശങ്ങളിലും ലിഖിതങ്ങളിലും കാണാനുളളത്. ആ നിലക്ക് ഹൃദയ ശുദ്ധികൈവരിച്ച് ആത്മചൈതന്യം നേടാന്‍ നിരവധി ഉപദേശങ്ങള്‍ നബി (സ്വ) നല്‍കിയിട്ടുണ്ട്.

തനിക്കാവശ്യമില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ മാത്രമേ ഒരാള്‍ പൂര്‍ണ്ണ മുസ്‌ലിമാവുകയുളളൂ. ഹലാലോ ഹറാമോ എന്ന് സംശയമുളള കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയോ സ്വീകരിക്കുകയോ ചെയ്യാ തെ സംശയമില്ലാത്തതിലേക്ക് നീങ്ങുക. സ്‌നേഹം , കോപം തുടങ്ങിയവ അല്ലാഹുവിന് വേണ്ടി മാത്രമാവുക.... തുടങ്ങി ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ തിരുനബി (സ്വ) പ്രസ്താവിച്ചത് ഹൃദയ ശുദ്ധീകരണത്തിന് വേണ്ടിയാണ്. ഹൃദയത്തിന് ശാശ്വത സമാധാനം കൈവരുന്നത് പാരത്രിക വിജയം ഉറപ്പുവരുമ്പോള്‍ മാത്രമാകുന്നു. അതാകട്ടെ നരകത്തിനു മുകളില്‍ സ്ഥാപിച്ച സ്വിറാത്വു പാലം വിട്ടു കടക്കാതെ ഉറപ്പിക്കാനാവുന്നതല്ല. അതിനാല്‍ സത്യവിശ്വാസിയുടെ ഹൃദയം അല്ലാഹുവിനെ കുറിച്ചുള്ള ഭയം നിറഞ്ഞതായിരിക്കുമെന്ന് മുആദുബിന്‍ജബല്‍ (റ) പറയുന്നു. (രിസാലത്തുല്‍ ഖുശൈരി). മഹാത്മാക്കളായ സ്വഹാബികള്‍, താബിഉകള്‍ തുടങ്ങിയവര്‍ ഈ ഉത്തമഗുണം ഉള്‍കൊണ്ട ഭക്തന്മാരായിരുന്നു. അന്തരീക്ഷത്തില്‍ പാറുന്ന പറവയെ നോക്കി അബൂബക്കര്‍ (റ) പറഞ്ഞു: 'ഞാനും ഈ പക്ഷിയെ പോലെ ആയിരുന്നുവെങ്കില്‍, മനുഷ്യനായി സൃഷ്ടിക്കപ്പെട്ടി ല്ലായിരുന്നുവെങ്കില്‍ പരലോകത്ത് വിചാരണ നേരിടേണ്ടി വരില്ലായിരുന്നു'. (ഇഹ്‌യ 4:160). ഉമര്‍ (റ) ഒരുവേള ഒരു പുല്‍കൊടി കയ്യില്‍ പിടിച്ചു കൊണ്ട് പറഞ്ഞു. 'ഞാനീ പുല്ലു പോലെ വിചാരണയില്ലാത്തവനായിരുന്നുവെങ്കില്‍, ഉമ്മ എന്നെ പ്രസവിച്ചില്ലായിരുന്നു വെങ്കില്‍.....'നരകത്തെ ഓര്‍ത്ത് കരഞ്ഞിരുന്ന ഖലീഫ ഉമര്‍ (റ) ന്റെ കവിള്‍ തടങ്ങളില്‍ രണ്ടു വരകള്‍ തെളിഞ്ഞു കാണാമായിരുന്നു. (ഇഹ്‌യ 4:161)

പരലോക ശിക്ഷകളെ കുറിച്ചുളള താക്കീതുകള്‍ ഹൃദയശുദ്ധിയുളള വിശ്വാസികളെ അമ്പരപ്പിച്ചിരുന്നു. അസ്വസ്ഥതയും ഭയവും ഉദ്ദീപിപ്പിച്ചിരുന്നു. ഖലീഫ ഉമര്‍ (റ) ഒരു നാള്‍ നടന്നു പോകുന്നു. വഴിവക്കിലൊരു വീട്ടില്‍ ഒരാള്‍ ശബ്ദത്തില്‍ ഖുര്‍ആനോതി നിസ്‌ക്കരിക്കുന്നു. പാരായണ ശബ്ദം കേട്ട ഉമര്‍ (റ) ശ്രദ്ധിച്ചു നിന്നു. സൂറത്തുന്നൂറായിരുന്നു പാരായണം ചെയ്തിരുന്നത്. അതിലെ 'നിശ്ചയം നിന്റെ നാഥന്റെ ശിക്ഷ വന്ന് ഭവിക്കുക തന്നെ ചെയ്യും. അതിനെ തടയുന്ന ഒന്നും തന്നെയില്ല.' എന്നര്‍ഥം വരുന്ന സൂക്തമെത്തിയപ്പോള്‍ പേടിച്ചു പോയ ഉമര്‍ (റ) വാഹനപ്പുറത്ത് നിന്ന് ഇറങ്ങി അല്‍്പം വിശ്രമിച്ചു. വിഷാദം പൂണ്ട ഹൃദയത്തോടെ വീട്ടില്‍ തിരിച്ചെത്തി. ഒരു മാസക്കാലം രോഗബാധിതനായി കിടന്നു. (ഇഹ്‌യ 4:160)

No comments:

Post a Comment