Monday, 17 October 2016

അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര

അബൂഹുറൈറ: (റ) ഹദീസ് നിഷേധികളുടെ ഇര

''നിങ്ങള്‍ പറയുന്നു, അബൂഹുറൈറഃ അമിതമായി ഹദീസുകള്‍ കൊണ്ട് വരുന്നുവെന്ന്. ജ്ഞാനം മറച്ചുവയ്ക്കുന്നതിനെതിരില്‍ താക്കീതില്ലായിരുന്നെങ്കില്‍ ഞാനൊരൊറ്റ ഹദീസും ഉദ്ധരിക്കുമായിരുന്നില്ല. എന്റെ കൂട്ടുകാരായ മുഹാജിറുകള്‍ കച്ചവടത്തിലും മറ്റുമേര്‍പ്പെട്ടു. അന്‍സ്വാരികളാണെങ്കില്‍ തോട്ടക്കാരുമായിരുന്നു. ഞാന്‍ വിജ്ഞാനത്തിന്റെയും വിശപ്പിന്റെയും വിളിയില്‍ നബിയോടൊപ്പവും. അതിനാല്‍ ഞാന്‍ പലതിനും സാക്ഷിയായി. ധാരാളം പഠിച്ചു. അതു മറച്ചുവയ്ക്കുന്നത് തെററാണ്.''

തനിക്കെതിരെയുള്ള കരുനീക്കങ്ങളെപ്പറ്റി അബൂഹുറൈറഃ (റ) അക്കാലത്ത് തന്നെ അറിഞ്ഞിരുന്നു. അതദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. കപടവിശ്വാസികളുടെ നിര്‍ദ്ദയമായ കെട്ടുകഥകള്‍ക്കിടയില്‍ ജീവിക്കാനായിരുന്നു അന്നേ അബൂഹുറൈറഃ (റ) ക്ക് വിധി.

സത്യത്തില്‍, ദാരിദ്ര്യം വല്ലാതെ പൊറുതിമുട്ടിച്ച ജീവിതമായിരുന്നു അബുഹൂറൈറയുടേത്. പലപ്പോഴും വയറ്റത്ത് കല്ലുവെച്ച് കെട്ടി നടന്ന മനുഷ്യനായിരുന്നു നബിയുടെ സ്‌നേഹവത്സലനായ ആ ശിഷ്യന്‍. ഇങ്ങനെ കഷ്ടപ്പെടേണ്ട ആളായിരുന്നില്ല. പക്ഷേ, തന്റെ ഗോത്രക്കാരനായ ത്വുഫൈലുബ്‌നു അംറില്‍ നിന്ന് ഇസ്‌ലാമിന്റെയും പ്രവാചകന്റെയും മണം കിട്ടിയപ്പോള്‍ തിരിഞ്ഞും മറിഞ്ഞും നോക്കാതെ അളവറ്റ സമ്പത്ത് യമനില്‍ വിട്ടേച്ച് മദീനയിലേക്ക് തിരക്കിട്ട് പോരുകയായിരുന്നു. 

മദീനയിലെത്തിയപ്പോള്‍ നബി ഖൈബറില്‍ ശത്രുക്കളുമായി മുഖാമുഖം നില്‍ക്കുകയാണെ ന്നറിഞ്ഞു. ഉടനെ അബൂഹുറൈറഃ കൂടെയുള്ളവരെയുംകൂട്ടി ഖൈബറില്‍ ചെല്ലുകയും അവിടെ ഇസ്‌ലാമിന്റെ ശത്രുക്കളോട് പൊരുതുകയും ചെയ്തു. യമനിലെ അസദ് ഗോത്രത്തിലെ ദൗസ് ഉപശാഖയിലെ സഖ്ര്‍ - ഉമൈമഃ ദമ്പതികളുടെ പുത്രനായ അബുഹുറൈറഃ ക്ക് അന്ന് മുപ്പത് വയസ്സായിരുന്നു പ്രായം. ഹിജ്‌റഃ ഏഴിലെ സ്വഫര്‍ മാസത്തില്‍ വന്ന അബുഹുറൈറഃ റബീഉല്‍ അവ്വല്‍ 12 ന് നബി മരിക്കുവോളം നബിയോടൊപ്പം കഴിഞ്ഞു. നബിയെ സഹായിക്കുകയും നബിയില്‍ നിന്ന് പഠിക്കുകയും പ്രബോധനം നിര്‍വഹിക്കുകയും ചെയ്യുക മാത്രമായിരുന്നു അഹ്‌ലുസ്സ്വുഫ്ഫഃ യില്‍ ഒരാളായ അബൂഹുറൈറഃ അടക്കമുള്ള സ്വഹാബികളുടെ ഒരേയൊരു ദിനചര്യ. വല്ലാത്ത ഓര്‍മശക്തിയായിരുന്നു; അന്വേഷണ തൃഷ്ണയും. നബി അബൂഹുറൈറഃ യുടെ ഈ വിശിഷ്ടതയെ പ്രകീര്‍ത്തിച്ചിരുന്നുവെന്ന് ഉബയ്യുബ്‌നു കഅ്ബ് (റ) ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളും മററുള്ളവരെ പറഞ്ഞു ധരിപ്പിക്കാന്‍ ചുമതലയുണ്ടായിരുന്നത് അദ്ദേഹത്തിനായിരുന്നു. ജീവിതത്തില്‍ ലാളിത്യം മുഖമുദ്രയായി സ്വീകരിച്ച അദ്ദേഹം പരുക്കന്‍ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. യാത്രയില്‍ പോലും പ്രവാചകനെ പിരിഞ്ഞില്ല. മറ്റുളളവര്‍ മടിച്ച് നില്‍ക്കുന്ന കാര്യങ്ങള്‍ പോലും അബൂഹുറൈറഃ തിരുമുമ്പില്‍ നിന്ന് ചോദിക്കുകയും പഠിക്കുകയും ചെയ്തു. അതിനിടക്കൊരിക്കല്‍ ഓര്‍മശക്തിയില്ലെന്ന് പരിഭവം പറഞ്ഞപ്പോള്‍ നബി പ്രാര്‍ഥിച്ചു. നബി ഒരു തട്ടം വിരിക്കാന്‍ പറഞ്ഞു. അതിലേക്ക് ശൂന്യതയില്‍ നിന്ന് മൂന്ന് പിടുത്തം വാരിയിടുന്നതു പോലെ കാണിച്ചു. ശേഷം അതു നെഞ്ചിലേക്ക് വാരിപ്പുണരാന്‍ പ്രവാചന്‍ ആവശ്യപ്പെട്ടതനുസരിച്ച് അപ്രകാരം ചെയ്തു. പിന്നീട് മറവി ഉണ്ടായിട്ടില്ലന്ന് അദ്ദേഹം അനുസ്മരിക്കുന്നു. ബഹറൈനില്‍ ഇസ്‌ലാമിക പ്രബോധനത്തിനായുള്ള ദൗത്യത്തിന്റെ ചുമതലയും അബൂഹുറൈറഃ ക്കായിരുന്നു. പൊതുഖജനാവിന്റെ നോട്ടക്കാരനും പലപ്പോഴും അദ്ദേഹയിരുന്നു

.
പൊരിഞ്ഞ വയറിന്റെ ആക്രമണം സഹിക്കാനാവാതെ ഒരിക്കല്‍ തെരുവിലിറങ്ങി. വയറ്റത്ത് ഒരു കല്ലു വെച്ച് കെട്ടിയിട്ടുമുണ്ട്. അതുവഴി വരുന്ന ഏതെങ്കിലും സ്വഹാബിയോട് കുശലം പറഞ്ഞ് കൂടെ ചേരാമെന്ന സൂത്രത്തിലായിരുന്നു നില്‍പ്പ്. അല്‍പ്പം കഴിഞ്ഞപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) അതുവഴി വന്നു. അദ്ദേഹത്തോട് അബൂഹുറൈറഃ ഒരു ഖുര്‍ആന്‍ സൂക്തത്തെപ്പറ്റി സംശയം ചോദിച്ചു നോക്കിയെങ്കിലും അദ്ദേഹം ഒറ്റ ശ്വാസത്തില്‍ മറുപടി പറഞ്ഞുപോയി. സൂത്രം ഫലിച്ചില്ല. പിന്നെ ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) വന്നു. സംശയം ചോദിച്ചു. പക്ഷേ, ലക്ഷ്യം നിറവേറിയില്ല. പിന്നെ വരുന്നത് നബിയാണ്. അവിടുത്തേക്ക് തന്റെ ശിഷ്യന്റെ ഇംഗിതം തിരിച്ചറിയാനായി. നബി അബൂഹുറൈറഃ യെ വീട്ടിലേക്ക് കൂട്ടി. വീട്ടിനകത്തു കടന്നുചെന്ന നബി ഒരു കപ്പ് പാലുമായി പുറത്തുവന്നു. എന്നിട്ട് മദീനാ പള്ളിയിലുള്ള കൂട്ടുകാരെ എല്ലാവരെയും വിളിക്കാന്‍ പറഞ്ഞുവിട്ടു. എല്ലാവരും വന്നു. ഒരു പാത്രം പാലും. എല്ലാവര്‍ക്കും കൊടുക്കാന്‍ അബൂഹുറൈറഃ യെ ഏല്‍പ്പിച്ചു. അദ്ദേഹം അതെല്ലാവര്‍ക്കും ഒഴിച്ചു കൊടുത്തു. എല്ലാവര്‍ക്കും വിശപ്പു തീര്‍ന്നു. നബി ചിരിച്ചുകൊണ്ട് അബൂഹുറൈറഃ യോട് പറഞ്ഞു: ''ഇനി ഞാനും നീയും'. നബി അദ്ദേഹത്തെ മതിവരുവോളം കുടിപ്പിച്ചു. ഇങ്ങനെ നബിയുമൊത്ത് എത്രയെത്ര സംഭവങ്ങള്‍. പറഞ്ഞറിയിക്കാനാവാത്ത ഒരാത്മബന്ധം അബൂഹുറൈറഃ യും നബിയും തമ്മിലുണ്ടായിരുന്നു.

ഒരിക്കല്‍ മദീനാ തെരുവിലൂടെ നടക്കുമ്പോള്‍ മുസ്‌ലിംകള്‍ പൊതുവില്‍ ഭൗതിക കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നത് കണ്ട് അബൂഹുറൈറഃ വിഷമിച്ചു. അദ്ദേഹം അവരോട് വിളിച്ചു ചോദിച്ചു: ''സ്‌നേഹിതരെ എന്തുപറ്റി? നബിയുടെ അനന്തര സ്വത്ത് പള്ളിയില്‍ എല്ലാവര്‍ക്കും വീതിച്ചു നല്‍കുമ്പോള്‍ നിങ്ങളിങ്ങനെ അശ്രദ്ധരായിരിക്കുന്നു?'' ഇതുകേട്ട് ജനം പള്ളിയിലേക്കോടിച്ചെന്നു. അവിടെച്ചെന്ന് നോക്കിയപ്പോള്‍ ചിലയാളുകള്‍ നിസ്‌കാരത്തിലാണ്. മറ്റുചിലര്‍ ഖുര്‍ആന്‍ പാരായണത്തിലും. വേറെചിലര്‍ ഇസ്‌ലാമിക ദര്‍ശനങ്ങളെപ്പറ്റയുള്ള ചര്‍ച്ചകളിലേര്‍പ്പെട്ടിരിക്കുന്നു! ജനം നിരാശയോടെ തിരിച്ചു പോന്നു. അവര്‍ അബൂഹുറൈറഃ യെക്കണ്ട് നിജസ്ഥിതി അന്വേഷിച്ചു. അദ്ദേഹം ചോദിച്ചു: ''നിങ്ങളെന്താണവിടെപ്പോയിട്ട് കണ്ടത്?' ''കുറെയാളുകള്‍ നിസ്‌കരിക്കുന്നു. വെറെ ചിലര്‍ ഖുര്‍ആന്‍ ഓതുന്നു. മററുചിലര്‍ മതവിഷയങ്ങളെപ്പറ്റി ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.'' ''ഇതെല്ലാതെ മറ്റെന്താണ് നബിയുടെ അനന്തര സ്വത്ത്?'' അബൂഹുറൈറഃ ചോദിച്ചു. സാത്വികനും നിഷ്‌കളങ്കനും ഇസ്‌ലാമിക സമൂഹത്തിന്റെ പരിണാമങ്ങളില്‍ ദുഃഖിതനുമായിരുന്നു പ്രവാചകന്റെ ആ വിശ്വസ്ത സഹചാരി. എല്ലാ പുണ്യയുദ്ധങ്ങളിലും പങ്കുചേര്‍ന്നു. ഒന്നാം ഖലീഫയുടെ കാലത്ത് മുര്‍തദ്ദുകളുമായുണ്ടായ പോരാട്ടത്തിലും റോമക്കാരുമായി നടത്തിയ യര്‍മൂഖ് യുദ്ധത്തിലുമൊക്കെ അനല്‍പമായ പങ്കുവഹിച്ചു അബൂഹുറൈറഃ.(റ) അക്കാലത്ത് ബഹ്‌റൈനിലേക്ക് പ്രബോധനാവശ്യാര്‍ഥം പോയ ദൗത്യസംഘത്തില്‍ പങ്കാളിയായി. ഉമര്‍ (റ) ന്റെ ഭരണകാലത്ത് ബഹ്‌റൈന്‍ ഗവര്‍ണറായി. ഹിജാസിന്റെ ഗവര്‍ണറായ മര്‍വാനുബ്‌നു ഹകമിന്റെ പ്രതിനിധിയായി മദീനയിലും ഭരണം കയ്യാളി. സ്വന്തം ഉപജീവനത്തിനുള്ളത് അധ്വാനിച്ചുണ്ടാക്കുകയായിരുന്നു അന്നും. വിറകുകെട്ടുകളും ചുമന്ന് ബഹ്‌റൈന്‍ തെരുവിലൂടെ പോകുന്ന ഗവര്‍ണര്‍ ഒരു കാഴ്ചയായിരുന്നു അന്ന്. അഭ്യന്തര സംഘര്‍ഷങ്ങളിലൊന്നും അദ്ദേഹം കക്ഷി ചേര്‍ന്നില്ല. ശത്രുക്കള്‍ പ്രചരിപ്പിക്കുംപോലെ അബൂഹുറൈറഃ ക്ക് ദുഷ്ട ലക്ഷ്യങ്ങളുണ്ടായിരുന്നുവെങ്കില്‍ അവസരം വരുമ്പോള്‍ അതുപയോഗപ്പെടുത്തുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. മറിച്ച് അതാതു കാലത്തുള്ള ഖലീഫമാര്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു അദ്ദേഹം. ഉസ്മാനുബ്‌നുഅഫാന്റെ ജീവന്‍ അപകടത്തിലാണെന്ന് തോന്നിയപ്പോള്‍ അബൂഹുറൈറഃ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പൊരുതാന്‍ സന്നദ്ധനായി. പക്ഷേ, ഖലീഫ അതിനനുവദിച്ചില്ല. നബിയുടെ പൗത്രന്‍ ഹസന്‍ (റ) വും മുആവിയയും തമ്മില്‍ ഭിന്നത ഉടലെടുത്തപ്പോള്‍ അനുരഞ്ജനം കാത്തിരുന്നു. അനുരഞ്ജനത്തിന് ശേഷം മുആവിയയെ ബൈഅത്ത് ചെയ്യുകയായിരുന്നു മാതൃകായോഗ്യനായ ആ യുഗ പുരുഷന്‍. നബിചര്യക്കെതിരെ ആളെ നോക്കാതെ ചോദ്യമുന്നയിച്ചിരുന്നു അദ്ദേഹം. മര്‍വാനുബ്‌നു ഹകം കണ്ണാടി വീടുണ്ടാക്കിയപ്പോള്‍ ആഡംബരത്തെപ്പറ്റി അബൂ ഹുറൈറഃ താക്കീതു നല്‍കി. സംഭവബഹുലമായ ജീവിതത്തിന് ശേഷം മരിക്കുമ്പോള്‍ അബൂഹുറൈറഃ ക്ക് എണ്‍പത് വയസ്സ് പ്രായമുണ്ടായിരുന്നു.

ഉത്ബതുബ്‌നു ഗസ്‌വാന്റെ മകള്‍ ബുശ്‌റഃ യായിരുന്നു ഭാര്യ. നാലുമക്കള്‍; മൂന്ന് ആണും ഒരുപെണ്ണും. മൂത്ത മകന്‍ മുഹര്‍റിര്‍ ഹദീസ് നിവേദകരില്‍ ഒരാളാണ്. അവസാന നാളുകളില്‍ പറ്റെ കിടപ്പിലായി. ദുഃഖിതരായി സുഹൃത്തുക്കള്‍ ചുറ്ററും കൂടി. പരലോക ജീവിതത്തെക്കുറിച്ചോര്‍ത്ത് ആ ദിവസങ്ങളില്‍ വല്ലാതെ കണ്ണീരൊഴുക്കിയിരുന്നു. ദീര്‍ഘായുസ്സിനായുള്ള സുഹൃത്തുക്കളുടെ പ്രാര്‍ഥനക്കിടയിലും അബൂഹുറൈറഃ ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു: ''നാഥാ, ഞാന്‍ നീയുമായി കാണാന്‍ ആഗ്രഹിക്കുന്നു.'' ഈ വെള്ളിനക്ഷത്രത്തെയായിരുന്നു ഇസ്‌ലാമില്‍ ജൂതായിസം കടത്തിക്കൂട്ടി എന്ന വ്യാജകുറ്റം ചുമത്തി ഇസ്‌ലാമിന്റെ ശത്രുക്കള്‍ കെട്ടുകഥകളുടെ മരക്കുരിശിലേറ്റിയത്. എല്ലാ മതങ്ങളും സത്യമെന്ന് പറഞ്ഞ കേരളത്തിലെ മുസ്‌ലിം വേശധാരിയും ജൂത ചാരന്‍ എന്നു മുദ്രകുത്തി അബൂഹുറൈറ ഃയെ ഭത്സിച്ചു. അബൂഹുറൈറഃ യെ ശിക്ഷിക്കുമ്പോള്‍ ജൂതായിസവും താന്‍ സത്യമെന്ന് പറയുന്ന മതങ്ങളിലൊന്നാണെന്ന് പോലും അയാള്‍ ഓര്‍മ്മിച്ചിരുന്നില്ല. ലക്ഷ്യം അബൂഹുറൈറഃ എന്ന വ്യക്തിയായിരുന്നില്ല. ആ അബൂഹുറൈറഃ യെപ്പോലെയുള്ളവര്‍ ജീവിതമുഴിഞ്ഞുവെച്ചത് ഏതൊരു പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നോ, അതു തന്നെയായിരുന്നു.

ആരോപകരുടെ ലക്ഷ്യം ഇസ്‌ലാം തന്നെയായിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. നബിയോടും ഇസ്‌ലാമിനോടും നേരിട്ട് പ്രകടിപ്പിക്കാനാവാത്ത ഈര്‍ഷ്യത 5374 ഹദീസുകള്‍ നിവേദനം ചെയ്ത അബൂ ഹുറൈറഃ ക്കെതിരെ പ്രയോഗിക്കുന്നുവെന്നതാണ് സത്യം. പേരെടുത്ത സ്വഹാബികളില്‍ നിന്നാണ് അബൂഹുറൈറഃ ഇത്രയും ഹദീസുകള്‍ നിവേദനം ചെയ്തത്. ധാരാളം പ്രമുഖ സ്വഹാബികള്‍ അബൂഹുറൈറഃ യില്‍ നിന്ന് ഹദീസുകള്‍ ഉദ്ധരിച്ചിട്ടുമുണ്ട്. അബൂബക്കര്‍, ഉമര്‍, ഫള്‌ലുബ്‌നു അബ്ബാസ്, ഉബയ്യുബ്‌നു കഅ്ബ്, ഉസാമതുബ്‌നു സൈദ്, ആഇശ (റ) തുടങ്ങിയ സ്വഹാബികളില്‍ നിന്ന് അബൂഹുറൈറഃ ഹദീസുകളുദ്ധരിച്ചു. ഇബ്‌നു അബ്ബാസ്, ഇബ്‌നു ഉമര്‍, അനസ്ബിന്‍ മാലിക്, ജാബിര്‍ ബിന്‍ അബ്ദില്ലാഹ്, അബൂഅയ്യൂബുല്‍ അന്‍സ്വാരി (റ) തുടങ്ങിയ നിരവധി സ്വഹാബികള്‍ അബൂ ഹുറൈറഃ യില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചവരാണ്. ഇവരൊക്കെ വലിയ സ്‌നേഹബഹു മാനങ്ങളോടെ കാണുന്ന സ്വഹാബിയാണ് അബൂഹുറൈറഃ. സംശയത്തിന്റെ ഒരു തരിപോലും അവരാരും അദ്ദേഹത്തെപ്പറ്റി ചരിത്രത്തിലെവിടെയും ഇട്ടുവച്ചില്ല. മാത്രമല്ല, ആഇക (റ) അടക്കമുള്ള പ്രമുഖ സ്വഹാബികളുടെയൊക്കെ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സ്വഹാബികള്‍ അബൂഹുറൈറഃ യെയായിരുന്നു കണ്ടുവച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്വാത്വികതയും നിഷ്‌കളങ്കതയും ആത്മാര്‍ഥതയും ബോധ്യപ്പെടാന്‍ ഇതിലപ്പുറം സത്യാന്വേഷികള്‍ക്ക് കടന്നുചെല്ലേണ്ടതില്ല.

ഇമാം അഹ്മദ് ബ്‌നു ഹന്‍ബല്‍ (റ) 3848 ഹദീസുകള്‍ അബൂഹുറൈറഃ (റ) നിവേദനം ചെയ്തത് എടുത്തുദ്ധരിച്ചിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും കൂടി 609 ഹദീസുകളും. അബൂഹുറൈറഃ (റ) വിജ്ഞാനത്തിന്റെ ഭണ്ഡാരമാണെന്ന് നബി പറഞ്ഞതായുള്ള ഹദീസ് എടുത്തുദ്ധരിച്ചത് ഇമാം അഹ്മദ (റ) ആണ്. ഇമാം ശാഫിഈയും നവവിയും ഇബ്‌നു കസീറും ഇബ്‌നു തീമിയ്യയും ഇബ്‌നു ഖയ്യിമും തുടങ്ങി മുസ്‌ലിം ലോകത്തെ പ്രധാന നിരൂപകരൊന്നും അബൂഹുറൈറഃ ക്കെതിരില്‍ ആക്ഷേപമുന്നയിച്ചിട്ടില്ലെന്ന് മാത്രമല്ല അബൂഹുറൈറഃയെ പ്രധാന അവലംബമാക്കുക കൂടി ചെയ്തിട്ടുണ്ട്. വലിയൊരു കൂട്ടം ഹദീസുകള്‍ തള്ളിക്കളയാനും അതുവഴി പ്രവാചകചര്യയുടെ മേല്‍ സംശയത്തിന്റെ കറുപ്പു തേക്കാനും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനിക്കാനുമായിരുന്നു വിമര്‍ശകരില്‍ പലരും അബൂഹുറൈറഃ യെ കടന്നുപിടിച്ചത്.

ശീഇകളായ ആരോപകരില്‍ ഒരുപറ്റത്തിനു രാഷ്ട്രീയമായിരുന്നു കാരണം. അലി(റ) യല്ലാത്ത മൂന്ന് ഖലീഫമാരെയും അവരംഗീകരിക്കുന്നില്ല. ആ മൂന്ന് പേരെ അംഗീകരിച്ചവരെ അവര്‍ കപടന്മാരായി പരിചയപ്പെടുത്തുന്നു. ഇന്നും ശീഇകള്‍ ഈ ദുഷിച്ച സ്വഭാവം കൈവെടിഞ്ഞിട്ടില്ല. യഥാര്‍ഥത്തില്‍ അലി (റ) യുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു ശീഈ ആരോപകര്‍. മുഅ്തസിലുകളായിരുന്നു മറ്റൊരു വിഭാഗം. വാസിലുബ്‌നു അത്വാഇനെപ്പോലുള്ളവര്‍ വളരെയധികം കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. ജമല്‍ യുദ്ധത്തിലേര്‍പ്പെട്ടവരില്‍ ആരാണ് സത്യത്തിന്റെ വക്താക്കള്‍ എന്നറിയാത്തതിനാല്‍ ആരുടെ ഹദീസും സ്വീകാര്യമല്ല എന്നു വാദിച്ച വാസിലുബ്‌നു അത്വാഇന്റെ ലക്ഷ്യം പ്രകടമാണ്. നള്ളാം ഏററവും മ്ലേഛമായ കെട്ടുകഥകള്‍ പറഞ്ഞു പരത്തി. ആദര്‍ശ വ്യതിയാനമായിരുന്നു ഇവരുടെ ആരോപണങ്ങള്‍ക്ക് പിന്നിലെ പ്രധാന പ്രചോദനം. കുരിശുയുദ്ധത്തിന് ശേഷം ഇസ്‌ലാമിനെ സാംസ്‌കാരികമായും ധൈഷണികവുമായും നേരിടുകയാണ് ഏററവും നല്ല രീതിയെന്ന് കണ്ടെത്തിയ ഓറിയന്റലിസ്റ്റുകളും പാശ്ചാത്യാഭിമുഖ്യത്തിന്റെ പേരില്‍ അവരെ പിന്തുണച്ച നവീനവാദികളും അബൂ ഹുറൈറഃ ക്കെതിരെ രൂക്ഷമായ ആക്രമണങ്ങള്‍ നടത്തി. ഗോള്‍ഡ് സിഹെറിനെപ്പോലുള്ള ഓറിയന്റലിസ്റ്റ് സൈദ്ധാന്തികന്മാര്‍ ശീഈ, മുഅതസിലീ ആരോപണങ്ങള്‍ അങ്ങനെത്തന്നെ പകര്‍ത്തിയായിരുന്നു അക്രമണത്തിലേര്‍പ്പെട്ടത്. ഈജിപ്തും തുര്‍ക്കിയും കേന്ദ്രീകരിച്ചായിരുന്നു നവീനവാദികളുടെ അക്രമണം. പാശ്ചാത്യന്‍ യൂണിവേഴ്‌സിററികളില്‍ നിന്ന് ബിരുദമെടുത്തവരോ പാശ്ചാത്യന്‍ സംസ്‌കാരത്തില്‍ മുഖംകുത്തി വീണവരോ ആയിരുന്നു അവരില്‍ പലരും. ഫജ്‌റുല്‍ ഇസ്‌ലാം, ളുഹല്‍ ഇസ്‌ലാം, ളുഹ്‌റുല്‍ ഇസ്‌ലാം ഗ്രന്ഥപരമ്പരകളുടെ രചയിതാവായ ഡോ. അഹ്മദ് അമീന്‍, ഈജിപ്തുകാരനായ ഇസ്മാഈല്‍ അദ്ഹം, ഡോ. അലിഹസന്‍ അബ്ദുല്‍ ഖാദിര്‍, അള്വ്‌വാഉന്‍ അലസ്സുന്നത്തിന്നബവിയ്യ എന്ന പുസ്തകമെഴുതിയെ അബൂറയ്യ, അബൂഹുറൈറഃ എന്ന പുസ്തകമെഴുതിയ അബ്ദുല്‍ ഹുസൈന്‍ ശറഫുദ്ദീന്‍, ഓറിയന്റലിസ്റ്റുകളായ ജോര്‍ജ് സൈദാന്‍, ഫിലിപ് കെ ഹിററി, ക്രീമര്‍ തുടങ്ങി ആ പമ്പര നീളുന്നു. ഇവരില്‍ ഡോ. അലിഹസന്‍ അബ്ദുല്‍ ഖാദിറാണ് പില്‍ക്കാലത്ത് തെററുതിരുത്താന്‍ തയ്യാറായ ഏക വ്യക്തി. ഇസ്‌ലാമിനെ അതിനകത്ത് നിന്നുകൊണ്ട് നശിപ്പിക്കാന്‍ സാധിക്കുമോയെന്ന് ജീവിതകാലം മുഴുവന്‍ പരീക്ഷിച്ചുനോക്കി നിദാന്ത പരാജിതരായ നിര്‍ഭാഗ്യവാന്മാരായ പ്രതിഭാശാലികളാണ് ഇവര്‍.

ഇവരൊക്കെയും ഉന്നയിച്ച ആരോപണങ്ങള്‍ ശിഈകളും മുഅതസിലുകളും ഉന്നയിച്ചതിന്റെ പകര്‍പ്പുതന്നെയായതിനാല്‍ അവയ്ക്ക് അനുയോജ്യമായ മറുപടികള്‍ മുന്‍കാല പ്രതിഭാശാലികള്‍ തന്നെ നല്‍കിയിട്ടുണ്ട്. ഈ മറുപടികളില്‍ എടുത്തുപറയേണ്ടതാണ് തഅ്‌വീലുല്‍ മുഖാലഫതില്‍ ഹദീസ് എന്ന ഇബ്‌നു ഖുതൈബയുടെയും അസ്സുന്നത്തുവമകാനതുഹാ ഫിത്തശ്‌രീഇല്‍ ഇസ്‌ലാമീ എന്ന ഡോ. മുസ് ത്വഫാ സബാഈയുടെയും ദിഫാഉന്‍ അന്‍ അബീ ഹുറൈറഃ എന്ന അബ്ദുല്‍ മുന്‍ഇം സ്വാരിലിഹുല്‍ ഗുസ്സിയുടെയും കൃതികള്‍.

പട്ടിണി മാറ്റാനായിരുന്നു അബൂഹുറൈറഃ പ്രവാചകന്റെ കൂടെ വന്ന് പാര്‍ത്തതെന്നും ജൂത ചാരനായിരുന്നു അയാളെന്നും ആരോപകര്‍ എഴുതിക്കൂട്ടി. ഇസ്‌ലാമിക ചരിത്രത്തില്‍ കാണുന്ന അബൂഹുറൈറഃ അവരുടെ ആരോപണങ്ങള്‍ക്ക് മറുപടിയാണ്. യമനിലെ അളവറ്റ സ്വത്തുക്കള്‍ വിട്ടേച്ച് പ്രവാചകനെ കണ്ട് സത്യം കൈവരിക്കാനുള്ള അദമ്യമായ അഭിലാഷത്തില്‍ പാഞ്ഞെത്തിയതായിരുന്നു അബൂഹുറൈറഃ (റ). അദ്ദേഹത്തിന് പ്രവാചകന്റെ കൂടെ വയറ്റത്തുകല്ലുവച്ചു കെട്ടി കഴിഞ്ഞുപോരേണ്ടതുണ്ടായിരുന്നില്ല. പക്ഷേ, പ്രവാചകത്വത്തിന്റെ പ്രഭാവലയത്തില്‍ നിന്ന് ഇസ്‌ലാമിനെ ലോകത്തിന് കൈമാറുന്നതില്‍ അനല്‍പമായ പങ്കുവഹിക്കാനുള്ള ഭാഗ്യമായിരുന്നു ആ സ്വഹാബിവര്യന് കൈവന്നത്. അതദ്ദേഹം ശരിക്ക് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

നിരക്ഷരനായിരുന്നുവെന്നതാണ് മറെറാരു ആരോപണം. അക്ഷരമാലകളും ഗുണകോഷ്ഠവും ഓര്‍മശക്തിയുടെ ഏഴയലത്തുപോലും എത്തുന്നതല്ല. അസാമാന്യമായ ഓര്‍മശക്തിയുടെ ഉടമയായിരുന്നു അബൂഹുറൈറഃ യെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍ പോലും നിരക്ഷരനായിരുന്നുവെന്ന സത്യം ഈര്‍ഷ്യതക്കിടയില്‍ ആരോപകര്‍ ഓര്‍ക്കാന്‍ വിട്ടുപോയി. പ്രവാചകന്റെ കൂടെ അബൂഹുറൈറഃയെ പോലെ ഏറെക്കാലം കഴിഞ്ഞ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി (റ.ഉം) എന്നിവരൊന്നും ഇത്രയൊന്നും ഹദീസുകള്‍ നിവേദനം ചെയ്തിട്ടില്ലല്ലോ എന്ന സംശയത്തിന് ലേഖനത്തിന്റെ തുടക്കത്തിലുദ്ധരിച്ച അബൂഹുറൈറഃ യുടെ സ്വന്തം വാക്കുകള്‍ തന്നെ മറുപടിയാണ്. സത്യത്തില്‍ ആവര്‍ത്തനങ്ങള്‍ കഴിച്ചാല്‍ ആകെയെണ്ണത്തിന്റെ പകുതിയോളമേ അബൂഹുറൈറഃ യുടെ ഹദീസുകള്‍ വരുന്നുള്ളൂ. അതില്‍ തന്നെ അദ്ദേഹം ഒറ്റക്കുദ്ധരിച്ച ഹദീസുകള്‍ നൂറ്റി അന്‍പതോളമേ വരൂ. ബാക്കിയുള്ളവ മറ്റുള്ളവരും ചേര്‍ന്ന് ഉദ്ധരിച്ചവയാണ്.

പില്‍ക്കാലത്ത് അബൂഹുറൈറഃ യുടെ പേരിലും വ്യാജ ഹദീസുകള്‍ വന്നിട്ടുണ്ടാവാം. പ്രവാചകന്റെ പേരില്‍ വന്ന വ്യാജ ഹദീസുകള്‍ക്ക് അവിടുന്ന് ഉത്തരവാദിയല്ല എന്ന പോലെത്തന്നെയാണ് അബൂഹുറൈറഃ യുടെ കാര്യവും. അതൊക്കെ നെല്ലും പതിരും തിരിച്ചറിയാന്‍ കുറ്റമറ്റ ഹദീസ് നിദാനശാസ്ത്രം അന്നേ നിലവിലുണ്ടെന്നും ഓര്‍ക്കുക. ഹദീസിന്റെ കാര്യത്തില്‍ വല്ലാത്ത കണിശതയായിരുന്നു അക്കാലത്ത് പുലര്‍ത്തിയിരുന്നത്. സൂക്ഷ്മത കാരണം ഒറ്റ ഹദീസും ഉദ്ധരിക്കാത്ത സ്വഹാബികളും പ്രവാചകനുണ്ട്. പഠനൗത്സുക്യം, ഓര്‍മശക്തി, അധ്യാപന താല്‍പര്യം, അറിവ് മറച്ചുവച്ചാലുള്ള ദോഷം എന്നിവ കാരണമാകാം അബൂഹുറൈറഃ യെപ്പോലുള്ളവര്‍ എല്ലാം ചോദിക്കുകയും പഠിക്കുകയും ഓര്‍മ്മിക്കുകയും പില്‍ക്കാലത്തിന് പകരുകയും ചെയ്തത്. പിന്നെ ജൂത പാരമ്പര്യത്തിന്റെ കാര്യം. മറുപടി അര്‍ഹിക്കുന്നില്ല ആ ആരോപണം. എല്ലാവരെയും തിരിച്ചറിയാന്‍ പ്രവാചകന് കഴിഞ്ഞിട്ടുണ്ട്. പലരുടെയും പൊയ്മുഖം ഖുര്‍ആന്‍ തന്നെ വലിച്ചുകീറിയിട്ടുണ്ട്. എന്നാല്‍ അബൂഹുറൈറഃയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ദൗസ് ഗോത്രത്തിന് പോലും ജൂത പാരമ്പര്യമോ ജൂതാഭിമുഖ്യമോ ഉണ്ടായിരുന്നതായിട്ട് ചരിത്രത്തിലെവിടെയും കാണുന്നില്ല. ആരോപകര്‍ക്ക് ഇക്കാര്യം പറഞ്ഞ് ഏറെക്കാലം നിലനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

Source:www.muslimpath.com
Powered by Manzil Media

വിശ്വാസ സൗന്ദര്യം കര്‍മ സൗന്ദര്യം

വിശ്വാസ സൗന്ദര്യം
കര്‍മ സൗന്ദര്യം
വിശുദ്ധ ഖുര്‍ആന്‍ സൗന്ദര്യങ്ങളുടെ സൗന്ദര്യം

 

റോസാപ്പൂ. എന്തൊരു ചന്തമാണതിന്. തലപുകഞ്ഞ് നീറുകയാണെങ്കില്‍പോലും വിടര്‍ന്നുനില്‍ക്കുന്ന പൂ ഒന്ന് ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. അതിന്റെ സുഗന്ധവും സൗന്ദര്യവും നമ്മുടെ കണ്ണിലൂടെ, ആത്മാവിലൂടെ കടന്നുപോകും. അതനുഭവിക്കാന്‍ അല്‍പ്പം സൗന്ദര്യബോധമേ ആവശ്യമുളളൂ. ഇതരജീവികളില്‍ നിന്ന് മനുഷ്യരെ വേറിട്ടു നിര്‍ത്തുന്ന ഒരു സവിശേഷത കൂടിയാണല്ലോ സൗന്ദര്യബോധം. എന്നാല്‍ ഈ പുഷ്പ ത്തിന് ചില പോരായ്മകളുണ്ട്. ഒന്ന്: നൈമിഷികത. നശ്വരമാണ് പുഷ്പം. അതെത്ര സുന്ദരിയും മോഹിനിയുമാണെ ങ്കിലും അല്‍പായുസ്സാണ്. രണ്ട്: വിശുദ്ധിഭംഗം. മികച്ച സൗന്ദര്യത്തിന്റെ നിറച്ചാര്‍ത്തു മായി വിടര്‍ന്നുനില്‍ക്കുന്ന പുഷ്പത്തിന്റെ കാണ്ഡം, വേരുകള്‍ ചിലപ്പോള്‍ കുപ്പയിലാ യിരിക്കും. ചുരുങ്ങിയപക്ഷം മാലിന്യങ്ങളായിരിക്കും അതിന്റെ ആഹാരം. ആസ്വാദന ത്തിനു മങ്ങലേല്‍പ്പിക്കുന്ന ദു:ഖസത്യമാണിത്. മൂന്ന്: മൂല്യശോഷണം. റോസാപൂവിന് നറുമണമുണ്ട്. സൗന്ദര്യമുണ്ട്. പക്ഷേ, മൂല്യമില്ല. സ്വര്‍ണത്തിന്റെ ചെറിയൊരംശം മൂല്യം പോലും അതിനില്ലല്ലോ. സുഗന്ധം പരത്തുന്ന സുന്ദരപുഷ്പം സ്വര്‍ണ നിര്‍മിതമായിരുന്നെങ്കില്‍ സൗന്ദര്യവും മൂല്യവുമുണ്ടാകുമാ യിരുന്നു. പക്ഷേ, അതില്ല. ഇനി സ്വര്‍ണത്തില്‍ ഒരു പൂ തീര്‍ത്താലോ? അതിന് സുഗന്ധവുമുണ്ടാവില്ല. ഇഹത്തിലെ ഏതു സുന്ദര സ്വരൂപത്തിന്റെയും പൊതുസ്വഭാവമാണിത്. അകംമോടിയും പുറംമോടിയും ഒരിക്കലും ഇണങ്ങുന്നില്ല. അകവും പുറവും ഒരു പോലെ മൂല്യവത്തും സുന്ദരവുമായ വല്ലതും ഇവിടെ കാണാനുണ്ടോ? എന്തെങ്കിലും അപൂര്‍ണതകള്‍ ചേരാത്ത സമ്പൂര്‍ണ സൗന്ദര്യം? ഇല്ല.

എന്നാല്‍ അല്ലാഹുവിന്റെ വചനമായ ഖുര്‍ആന്‍ ചാപല്യങ്ങളില്ലാത്ത സൗന്ദര്യമാണ്. അകവും പുറവും ശുദ്ധം, സുന്ദരം, ഗംഭീരം, അനശ്വരം. അകത്തും പുറത്തും സൗന്ദര്യവും മൂല്യവും പാവനത്വവുമുള്ള മഹാപുഷ്പം പോലെ, ഖുര്‍ആന്‍ ആസ്വാദകനെ ഒരിക്കലും നിരാശപ്പെടുത്തുന്നില്ല. എന്നുമെന്നും അനുഭവിക്കാന്‍, സംതൃപ്തി പകരാന്‍ ക ക്തവും പ്രൗഢവുമാണത്. കിറുകൃത്യമായ ഖണ്ഢിത സത്യങ്ങള്‍, തന്ത്രപ്രധാനമായ പ്രയോഗങ്ങള്‍, വാക്കുകള്‍, വാക്യങ്ങള്‍! അടിമുടി അത്യാകര്‍ഷകവും പ്രശംസനീയവുമായ ശൈലീ വിശേഷം. ഈ മൂന്ന് ഗുണങ്ങളും സുപ്രധാനമാണ്. കാരണം പറയാം. അസത്യത്തിന് വിശുദ്ധിയില്ല. നിലനില്‍പുമില്ല. പരിഗണനയോ ശ്രദ്ധയോ അര്‍ഹിക്കുന്നുമില്ല. അസത്യത്തിന്റെ കലര്‍പുള്ള സത്യവും ഇതേ ഗണത്തിലാണ്. അതുകൊണ്ട് മാനവ മാര്‍ഗദര്‍ശനത്തിനുള്ള ഏതൊരു സന്ദേശവും സത്യമായാല്‍ മാത്രം പോരാ. സമ്പൂര്‍ണ സംശുദ്ധ സത്യമായിരിക്കണം. കിറുകൃത്യമായ സത്യം. ഖണ്ഢിത യാഥാര്‍ഥ്യം. സത്യം തന്നെ അവതരിപ്പിക്കുമ്പോഴും പൂര്‍ണജാഗ്രത വേണം. അലസമായോ അശ്രദ്ധമായോ അവതരിപ്പിക്കപ്പെടുന്ന സത്യവും കളങ്കപ്പെടാനും അപകടം വരുത്താനുമിടയുണ്ട്. അവതാരകന് പൂര്‍ണശ്രദ്ധയും നിതാന്ത ജാഗ്രതയും അനിവാര്യമാണ്. തന്ത്രപ്രധാനമായ ശൈലിയും പ്രയോഗങ്ങളുമായിരിക്കണം. സൗന്ദര്യബോധമില്ലാതെ പരുക്കന്‍ മട്ടില്‍ പറഞ്ഞൊപ്പിക്കുമ്പോള്‍ സത്യത്തിന്റെ പ്രാധാന്യവും ആകര്‍ഷകത്വവും നഷ്ടപ്പെടുകയോ ക്ഷതപ്പെടുകയോ ചെയ്‌തേക്കും. പൂര്‍ണമായും അബദ്ധമുക്തമായ സത്യബോധനങ്ങള്‍ തന്ത്രപ്രധാനമായ പ്രയോഗങ്ങളിലൂടെ അതീവസുന്ദരമായ ശൈലിയില്‍ അവതരിപ്പിക്കുന്ന നിലവിലുള്ള ഏകവേദമാണ് വിശുദ്ധ ഖുര്‍ആന്‍

''മുമ്പിലൂടെയോ പിമ്പിലൂടെയോ അബദ്ധം അതിനെ ബാധിക്കില്ല. തന്ത്രജ്ഞന്റെ, സ്തു ത്യര്‍ഹന്റെ പക്കല്‍ നിന്നാണതിന്റെ അവതരണം'' (വി.ഖു: 41/42). ''സത്യവുമായി നാമത് അവതരിപ്പിച്ചിരിക്കുന്നു. സത്യവുമായി അവതരിക്കുകയും ചെയ് തിരിക്കുന്നു'' (വി.ഖു: 17/105).

സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരുന്ന ശാസ്ത്ര നിഗമനങ്ങള്‍, നിയമ നിര്‍ദേശങ്ങള്‍, ഭരണഘടനകള്‍ എല്ലാം തിരുത്തപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ ഒരു തിരുത്തു പോലും ആവശ്യമായി വന്നിട്ടില്ല. തിരുത്ത് ആവശ്യമാണെന്ന് വിചാരിച്ചിരുന്നവര്‍ സ്വയം തിരുത്തുകയുമുണ്ടായിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിന്റെ ആശയം, ഭാഷ, ശൈലി തുടങ്ങി എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട സൗന്ദര്യനിറവാണ്. സൗന്ദര്യത്തിന്റെ ഏറ്റവും മികച്ച രൂപത്തില്‍. ഖുര്‍ആന് വഴങ്ങുന്നവര്‍ ആത്മീയവും, സാംസ്‌കാരികവുമായ മികച്ച വ്യ ക്തിത്വം ആര്‍ജിക്കുന്നു. ലക്ഷ്യവും മാര്‍ഗവും ഫലവും പൂര്‍ണമായി സുന്ദരമായിരിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഖുര്‍ആന്‍ ഒഴിച്ചുകൂടാനാവാത്ത മാര്‍ഗദര്‍ശനമാണ്.

''സുന്ദര കര്‍മങ്ങള്‍ എടുക്കുന്നവര്‍ക്ക് സൗന്ദര്യപൂര്‍ണമായ പ്രതിഫലമുണ്ട്. അതില്‍ കൂടുതലുമുണ്ട്'' (വി.ഖു: 10/26). ''അല്ലാഹുവിന്റെ നിറച്ചാര്‍ത്ത്! അല്ലാഹുവിനെക്കാള്‍ സുന്ദരമായി വര്‍ണനകള്‍ നടത്തുന്നവര്‍ ആരുണ്ട്?'' (വി.ഖു: 2/138).

ഖുര്‍ആനില്‍ നിന്നകലുമ്പോള്‍ വ്യക്തിത്വ, സാംസ്‌കാരിക വൈരൂപ്യവും തകര്‍ച്ചയും സംഭവിക്കുന്നു. ''എന്റെ ഉദ്‌ബോധനം ആര് അവഗണിക്കുന്നുവോ, അവര്‍ക്ക് ക്ലേശ ജീവിതമുണ്ട്'' (വി.ഖു: 20/124).

''തന്റെ നാഥന്റെ വചനങ്ങള്‍ മുഖേന ഉപദേശിക്കപ്പെട്ടതില്‍ പിന്നെ അതില്‍ നിന്നകന്നു കഴിയുന്നവനേക്കാള്‍ അതിക്രമി ആരുണ്ട്. നിശ്ചയം, നാം ദുര്‍നടപ്പുകാരെ പിടികൂടുന്നുണ്ട്'' (വി.ഖു: 32/22).

ഖുര്‍ആനുമായി സമരസപ്പെടാത്ത ജീവിതം എത്രമേല്‍ അവിശുദ്ധവും അപകടകരവുമാണെന്ന് നബി(സ്വ) വ്യക്തമാക്കുന്നു.

വിശുദ്ധ ഖുര്‍ആന്‍ വിശിഷ്ട സൗന്ദര്യങ്ങളുടെ ആദര്‍ശമാണ്. സുന്ദരവിശ്വാസം, സുന്ദര കര്‍മം, സുന്ദരസ്വഭാവം, അതാണ് ഖുര്‍ആന്‍ കല്‍പിക്കുന്നത്. സുന്ദരപ്രതിഫലം, അതീവ സുന്ദരസ്വര്‍ഗം അതാണ് ഖുര്‍ആന്‍ വാഗ്ദാനം ചെയ്യുന്നത്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന സുന്ദര സന്ദേശങ്ങളുടെ ഏതാനും ഉദാഹരണങ്ങള്‍ കാണുക.

വിശ്വാസ സൗന്ദര്യം
Back To Index

''എന്നാല്‍ അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിയിരിക്കുന്നു. നിങ്ങളുടെ മനസുകളില്‍ അവയെ സൗന്ദര്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു'' (വി.ഖു: 49/7).

കര്‍മ സൗന്ദര്യം
Back To Index

ഇഹത്തില്‍ സുന്ദരകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് നന്മയുണ്ട് (വി.ഖു: 39/10). ''വിശ്വസിച്ചു സുകൃതങ്ങളെടുത്തവര്‍, അവര്‍ക്ക് സന്തോഷമുണ്ട്. സുന്ദരസങ്കേതവുമുണ്ട്'' (വി.ഖു: 13/29). ഖുര്‍ആനിക കാഴ്ചപ്പാടില്‍ ജീവിതം തന്നെ ഒരു സുന്ദര പരീക്ഷണമാണ്.

'സര്‍വാധികാരം കൈയ്യാളുന്നവന്‍ പരിശുദ്ധന്‍. അവന്‍ സര്‍വശക്തന്‍. അവന്‍ ജീവിതവും മരണവും സജീകരിച്ചിരിക്കുന്നു. ആരാണ് സുന്ദരകര്‍മങ്ങളെടുക്കുന്നതെന്നു പരീക്ഷിക്കുന്നതിന് വേണ്ടി. അവന്‍ അജയ്യന്‍. ഏറെ പൊറുക്കുന്നവന്‍'' (വി.ഖു: 67/1,2). ഇസ്‌ലാമിന്റെ, ഖുര്‍ആനിന്റെ സൗന്ദര്യം ആത്മാവിലേക്ക്, വ്യക്തിത്വത്തിലേക്ക് പകര്‍ത്തുക. അതാണ് ഏറ്റവും പാവനമായ സൗന്ദര്യം. അതുള്‍കൊള്ളുക, അതില്‍ അഭിമാനിക്കുക, അതിനായി നിലകൊള്ളുക. ''അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സുകൃതങ്ങള്‍ എടുക്കുകയും ഞാന്‍ മുസ്‌ലിമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തവനേക്കാള്‍ സുന്ദരവാക്കു പറയുന്നവനാരുണ്ട്?'' (വി.ഖു: 41/33).

യഥാര്‍ഥ സൗന്ദര്യത്തെ മറച്ചു പിടിക്കുന്ന, നശിപ്പിക്കുന്ന വ്യാജ സൗന്ദര്യങ്ങളുമുണ്ട്. അവയില്‍ ആകൃഷ്ടരായി കബളിപ്പിക്കപ്പെട്ടുകൂടാ. ഇഹലോകത്തെ വ്യാജ, നശ്വരസൗന്ദര്യങ്ങളുടെ ലഹരിയില്‍ മത്തു പിടിച്ചു മയങ്ങുന്ന ഭാഗ്യദോഷികളെ ഖുര്‍ആന്‍ തട്ടിയുണ ര്‍ത്തുന്നു; സമചിത്തതയോടെ ഉണര്‍ന്നു ചിന്തിക്കാന്‍. യഥാര്‍ഥ സൗന്ദര്യത്തിന് വിഘാതമാകുന്ന പൈശാചിക സൗന്ദര്യത്തെ മറികടക്കാനും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിക്കുന്നു

'സ്ത്രീകള്‍, സന്താനങ്ങള്‍, സ്വര്‍ണ്ണ വെള്ളി ശേഖരങ്ങള്‍, വിശേഷാശ്വങ്ങള്‍, മൃഗങ്ങള്‍, കൃഷി തുടങ്ങിയവയെക്കുറിച്ച് ദുരാഗ്രഹങ്ങള്‍ മനുഷ്യര്‍ക്ക് സുന്ദരമായി കാണിക്കപ്പെ ട്ടിരിക്കുന്നു. അവയെല്ലാം ഐഹിക വിഭവങ്ങള്‍ മാത്രമാണ്. അല്ലാഹുവിങ്കല്‍ അതി സുന്ദരസങ്കേതമുണ്ട്'' (വി.ഖു: 3/14).

Source:www.muslimpath.com
Powered by Manzil Media©