Saturday, 1 October 2016

മഹ്ദി ഇമാം


  *മഹ്ദി ഇമാം അലൈഹിസ്സലാം*
      നൽകിയ  ഉപദേശങ്ങൾ.
➖➖➖➖➖➖➖➖➖➖

കാലം ഇപ്പോൾ വളരെ ചീത്തയായിക്കൊണ്ടിരിക്കുന്നു. വിവിധതരത്തിലുള്ള ശിർക്കുകളും ബിദ്അത്തുകളും അനേകം ദൂഷ്യങ്ങളും ഉടലെടുത്തിരിക്കുന്നു. ദീനിനെ ദുനിയാവിനേക്കാൾ മുന്തിക്കുന്നതാണെന്ന് ബയ്അത്ത് ചെയ്യുമ്പോൾ എടുത്ത പ്രതിജ്ഞ ദൈവത്തിനു മുമ്പാകെ എടുത്തിട്ടുള്ള പ്രതിജ്ഞയാകുന്നു. നിങ്ങളിപ്പോൾ ചെയ്യേണ്ടത് മരണംവരെ പ്രസ്തുത പ്രതിജ്ഞയിൽ ഉറച്ചുനിൽക്കുക എന്നതാണ്. അല്ലാത്തപക്ഷം ബയ്അത്ത് ചെയ്തിട്ടില്ലെന്ന് ധരിച്ചുകൊൾക! അതിൽ അടിയുറച്ച് നിൽക്കുകയാണെങ്കിൽ ദിനിലും ദുനിയാവിലും അല്ലാഹു ബർക്കത്ത് തരുന്നതാണ്. തങ്ങളുടെ  അല്ലാഹുവിന്റെ കാര്യത്തിൽ നിങ്ങൾ പരിപൂർണ്ണ തഖ്‌വ കൈകൊള്ളുവിൻ. കാലം വളരെ ലോലമായ ഘട്ടത്തിലാകുന്നു. ദൈവത്തിന്റെ ഉഗ്രരോഷം വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. ആരാണോ അല്ലാഹുവിന്റെ തൃപ്തിക്കനുസരിച്ച് തന്നെ സ്വയം  രൂപപ്പെടുത്തുന്നത് അവൻ സ്വന്തം ജീവനോട് മാത്രമല്ല ഭാര്യാമക്കളോടും കരുണ കാണിക്കുന്നവനായിരിക്കും.

നോക്കുവിൻ, മനുഷ്യൻ ആഹാരം കഴിക്കുന്നു. വിശപ്പടങ്ങേണ്ട അളവനുസരിച്ച് കഴിച്ചില്ലെങ്കിൽ വിശപ്പകലുന്നില്ല. ഒരു കഷണം അപ്പം മാത്രം  ഭക്ഷിക്കുകയാണെങ്കിൽ  വിശപ്പിൽനിന്ന് മോചനം ലഭിക്കുമോ? ഒരിക്കലുമില്ല. അതുപോലെ ഒരുതുള്ളി വെള്ളം മാത്രം തൊണ്ടയിൽ ഇറ്റിച്ചാൽ (ആരുടെയും ജീവൻ) രക്ഷപ്പെടില്ല. ആ തുള്ളി വെള്ളം അകത്തു ചെന്നാലും മരണമടയും.  മനുഷ്യന്റെ മതനിഷ്ഠയുടെ അവസ്ഥയും ഇതുതന്നെയാണ്. അവന്റെ മതധർമ്മങ്ങൾ പൂർണ്ണ തോതനുസരിച്ച് അനുഷ്ഠിക്കുന്നില്ലെങ്കിൽ രക്ഷപ്പെടുന്നതല്ല. ഏതുപോലെ വിശപ്പും ദാഹവും പൂർണ്ണമായും മാറുവോളം വെള്ളവും ഭക്ഷണവും കഴിക്കുന്നുവോ ആ അളവോളം തന്നെ മതനിഷ്ഠകളും തഖ്‌വയും ദൈവത്തിന്റെ ആജ്ഞാനുവർത്തിത്വവും എത്തിക്കേണ്ടതാണ്.

_ബയ്അത്തിനു ശേഷം ഒരാൾ തന്റെ ഗ്രാമത്തിലെ പ്ലേഗിന്റെ കാഠിന്യത്തെ കുറിച്ച് സ്മരിക്കുകയും ദുആക്ക് അപേക്ഷിക്കുകയും ചെയ്തപ്പോൾ ഹുസൂർ(അ) അരുളി:_

ഞാൻ എന്നും ദുആ ചെയ്യുന്നുണ്ട്. പക്ഷേ, നിങ്ങളും പതിവായി ദുആ ചെയ്തുകൊണ്ടിരിക്കുകയും നമസ്കരിക്കുകയും പശ്ചാത്തപിച്ചുകൊണ്ടിരിക്കുകയും ചെയ്യേണ്ടതാണ്.  ഇതാണ് അവസ്ഥയാണെങ്കിൽ അല്ലാഹു സംരക്ഷിക്കുന്നതാണ്. മുഴുവൻ വീട്ടിൽ ഒരാളെങ്കിലും ഇത്തരത്തിൽ ഉണ്ടെങ്കിൽ അല്ലാഹു(തആല) അവൻ കാരണത്താൽ മറ്റുള്ളവരേയും സംരക്ഷിക്കുന്നു. ഒരു ആപത്തും ദുഃഖവും അല്ലാഹുവിന്റെ ഇംഗിതം കൂടാതെ ഇറങ്ങുന്നില്ല. അല്ലാഹുവിനോടുള്ള അനുസരണക്കേടും നിഷേധവും കാരണമായാണ് ആപത്തുകൾ വരുന്നത്.
ആ ഘട്ടത്തിൽ പൊതുവായുള്ള വിശ്വാസം ഗുണം ചെയ്യുന്നില്ല. മറിച്ച്, സവിശേഷമായ വിശ്വാസമാണ് ഗുണം ചെയ്യുക. ആരാണോ സവിശേഷമായ ഈമാൻ സ്വീകരിച്ചിട്ടുള്ളത് അല്ലാഹു അവരിലേക്ക് ശ്രദ്ധപതിപ്പിക്കുകയും സ്വയംതന്നെ അവരെ രക്ഷിക്കുകയും ചെയ്യുന്നു. *'മൻ കാന ലില്ലാഹി കാനല്ലാഹു ലഹു'.*

നാവുകൊണ്ട് *'ലാ ഇ‌ലാഹ ഇല്ലല്ലാഹ്'* എന്നു പറയുകയും തങ്ങളുടെ ഇസ്‌ലാമിനെയും ഈമാനെയും കുറിച്ച് വീരവാദം മുഴക്കുകയും ചെയ്യുന്ന നിരവധി ജനങ്ങളുണ്ട്. പക്ഷേ അവർ അല്ലാഹുവിനു വേണ്ടി ദുഃഖം സഹിക്കുന്നില്ല. ഏതെങ്കിലും വ്യസനമോ കഷ്ടപ്പാടോ വിചാരണയോ നേരിടുമ്പോൾ ഉടൻതന്നെ ദൈവത്തെ ഉപേക്ഷിക്കാൻ ഒരുമ്പെടുകയും അവനോട് അനുസരണക്കേട് കാണിക്കുകയും ചെയ്തുകളയുന്നു. അല്ലാഹു അത്തരക്കാരെ ഒരുവിലയും വെക്കുന്നില്ല. എന്നാൽ ആരാണോ സവിശേഷമായ ഈമാൻ കൈക്കൊള്ളുകയും എല്ലാ അവസ്ഥയിലും ദൈവത്തിന്റെ കൂടെ നിൽക്കുകയും ദുഃഖങ്ങൾ പേറാൻ സന്നദ്ധനാവുകയും ചെയ്യുന്നത് അവനിൽനിന്ന് അല്ലാഹു ദുഃഖം ഉയർത്തിക്കളയുന്നു. രണ്ടുതരം മുസീബത്തുകൾ അവനിൽ സമ്മേളിക്കാൻ ദൈവം അനുവദിക്കുന്നില്ല. ദുഃഖത്തിനുള്ള പ്രതിവിധി ദുഃഖം തന്നെയാണ്. സത്യവിശ്വാസിയിൽ രണ്ടു കഷ്ടപ്പാടുകൾ ഒത്തുചേരുകയില്ല. അവയിലൊന്ന്, മനുഷ്യൻ (സ്വയം) ദൈവത്തിനു വേണ്ടി തന്റെ ആത്മാവിനുമേൻ ആശ്ലേഷിച്ച ദുഃഖവും മറ്റൊന്ന് അപ്രതീക്ഷിതമായി വന്നുഭവിക്കുന്ന വിപത്തുമാകുന്നു. അത്തരം വിപത്തിൽനിന്ന് ദൈവം അവനെ സംരക്ഷിക്കുന്നു.

(മൽഫൂസാത് (41,42/365))
➖➖➖➖➖➖➖➖➖➖
അബൂ-അയ്മൻ

No comments:

Post a Comment